
ഇന്ത്യൻ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ (ജി.ഡി. നായിഡു) പ്രചോദനാത്മകമായ ജീവിതകഥ പറയുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ തീയേറ്ററുകളിൽ തരംഗമാകുന്നു. നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ദേശീയ അവാർഡ് ചിത്രത്തിന് ശേഷം ആർ. മാധവൻ വീണ്ടും നായകനായി എത്തുന്ന ബയോപിക്കാണിത്. ജി.ഡി. നായിഡുവായുള്ള മാധവന്റെ പരകായപ്രവേശം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
പ്രമുഖ പരസ്യചിത്ര സംവിധായകനായ കൃഷ്ണകുമാർ രാമകുമാർ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല തുടങ്ങിയ പ്രമുഖ താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. വർഗീസ് മൂലൻ പിക്‌ചേഴ്‌സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്‌സ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം കേരളത്തിൽ 100 തിയേറ്ററുകളിലും ആഗോളതലത്തിൽ 32 രാജ്യങ്ങളിലുമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.










